ലൈംഗിക അതിക്രമം തടയാൻ പാഠ്യപദ്ധതി പരിഷ്കരിക്കണം: ഹൈക്കോടതി
സ്കൂളുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ബോധവൽക്കരണം അടുത്ത അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നു ഹൈക്കോടതി. കർമ പദ്ധതി തയാറാക്കാൻ സർക്കാരും സിബിഎസ്ഇയും 2 മാസത്തിനുള്ളിൽ വിദഗ്ധ സമിതിയെ നിയമിക്കണം. സമിതി 6 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.
പതിനഞ്ചുകാരിയായ പ്രണയിനിയെ ഗർഭിണിയാക്കിയ യുവാവിനു പോക്സോ കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടാണു കോടതിയുടെ നിർദേശം. സ്കൂൾ കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന പോക്സോ കേസുകൾ കൂടുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.