കൊല്ലത്ത് കെഎസ്ആർടിസി ബസിൽ മോഷണം; രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
കൊല്ലം കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികൾ പിടിയിൽ. തമിഴ്നാട് രാമേശ്വരം സ്വദേശികളായ മഹേശ്വരിയും മുത്തുമാരിയുമാണ് അറസ്റ്റിലായത്. പ്രതികൾ കൊല്ലത്തു നിന്നും കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് മോഷണം നടത്തിയത്.
ബസ് യാത്രക്കാരിയായ യുവതിയുടെ പേഴ്സാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. പേഴ്സ് നഷ്ടപ്പെട്ടതായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് യുവതി തിരിച്ചറിഞ്ഞത്. യുവതി ബഹളം വച്ചതോടെ മോഷ്ടാക്കൾ ബസിൽ നിന്നിറങ്ങാൻ ശ്രമച്ചു. യാത്രക്കാർ ചേർന്ന് ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊട്ടാരക്കര പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിലാണ് പേഴ്സ് പ്രതികളുടെ കൈവശമുള്ളതായി കണ്ടെത്തിയത്. ബസുകളിൽ ഇരുവരും സ്ഥിരമായി മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content highlights – bus theft, kollam, two women arrested