വിവാഹബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം; കൊച്ചിയില്‍ റവന്യൂ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
നിയമപരമായി ബന്ധം വേര്പെടുത്തുന്നതിനു മുന്‍പ് മറ്റൊരു വിവാഹം കഴിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കൊച്ചി സ്പെഷ്യല്‍ തഹസില്‍ദാര്‍ (ആര്.ആര്.) ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എം.പി. പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.ആര്.) ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ടി. സ്മിതയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. സര്‍വീസ് ചട്ടം ലംഘിച്ചതിന് ജില്ലാ കളക്ടര്‍ രേണുരാജ് ആണ് നടപടിയെടുത്തത്.
ഭാര്യ നിലനില്‍ക്കെയാണ് പദ്മകുമാര്‍ സര്‍ക്കാര്‍ ജീവനക്കാരിയായ സ്മിതയെ വിവാഹം കഴിച്ചത്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ഭാര്യയുള്ള ഒരാളെ വിവാഹം കഴിക്കുന്നതും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് നടപടി സ്വീകരിച്ചത്.
കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹബന്ധം വേര്‍പെടുത്താതെയാണ് പദ്മകുമാര്‍ സ്മിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവാഹത്തിന്റെ രേഖകളും പരാതിക്കൊപ്പം നല്‍കിയിരുന്നു.