യുപി സ്വദേശിനിയായ 16കാരിയെ ബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ചു; കോഴിക്കോട് നാല് ഇതരസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍
ഉത്തര്‍പ്രദേശ് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. കോഴിക്കോടാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇക്റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പിടിയിലായത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ആര്‍പിഎഫാണ് പിടികൂടിയത്.
കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരാണ് പ്രതികള്‍. വാരണാസിയില്‍ നിന്ന് ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ വെച്ചാണ് പ്രതികള്‍ പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിക്കാതിരുന്ന പ്രതികള്‍ നിര്‍ബന്ധിച്ച് പാലക്കാട്ട് എത്തിക്കുകയും അവിടെ നിന്ന് റോഡ് മാര്‍ഗം കോഴിക്കോട് എത്തുകയുമായിരുന്നു.
പാളയം ബസ് സ്റ്റാന്റിന് സമീപമുള്ള വാടക മുറിയിലെത്തിച്ചായിരുന്നു പീഡനം.
അവശനിലയിലായ പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ആര്‍പിഎഫ് സംഘം തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.