ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം; വീടിന്റെ തറ തുരന്ന് മൃതദേഹം കണ്ടെടുത്തു
ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ രണ്ടാം പാലത്തിനു സമീപത്തെ വീട്ടില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ആര്യാട് നിന്ന് കാണാതായ ബിജെപി പ്രവര്ത്തകന് ബിന്ദുകുമാറിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വീടിന്റെ തറ തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. സെപ്റ്റംബര്‍ 26 മുതല്‍ ബിന്ദുകുമാറിനെ കാണാതായിരുന്നു. ഇയാളുടെ സുഹൃത്ത് മുത്തുകുമാറിന്റെ വീടിന്റെ തറ പൊൡച്ചാണ് മൃതദേഹം പുറത്തെടുത്തത്.
കൊല്ലപ്പെട്ട ബിന്ദുകുമാര്‍ അവിവാഹിതനാണ്. ഇയാളുടെ ബൈക്ക് വെള്ളിയാഴ്ച വാകത്താനത്തു നിന്ന് കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് മുത്തുകുമാറിന്റെ വീട്ടില്‍ പോലീസ് എത്തിയത്. 28-ാം തിയതിയാണ് ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയി എന്നായിരുന്നു വിവരം. പിന്നീട് തിരുവല്ലയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ പരിധിക്കു പുറത്തായിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ചങ്ങനാശ്ശേരി എസി കോളനിയില്‍ ലൊക്കേഷന്‍ കാണിച്ചു. ബിന്ദുകുമാറിന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീട് കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. വീടിന്റെ പിന്നില്‍ ചാര്ത്തിനോട് ചേര്‍ന്നുള്ള തറയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് തറ തുരന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.