നരബലിക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു പ്രതികളെയും 12 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
നരബലി കൂടാതെ പ്രതികള്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോയെന്നും കൂടുതല്‍ ആളുകളെ പത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ പോലീസ് പറയുന്നു. ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു.
ആവശ്യങ്ങള്‍ പൂര്‍ണ്ണമായും കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. മൂന്ന് ദിവസം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ ആളൂര്‍ കോടതിയില്‍ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്നും പ്രതിഭാഗം വാദിച്ചു.