മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് താല്‍ക്കാലിക വിലക്ക്; ഒടിടി, സാറ്റലൈറ്റ് റൈറ്റുകള്‍ കണ്ടുകെട്ടി, നടപടി ആറാട്ട് സിനിമയുടെ നിര്‍മാതാക്കളുടെ പരാതിയില്‍
മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന് കോടതിയുടെ താല്‍ക്കാലിക വിലക്ക്. മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കൾ നല്കിയ പരാതിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. ആറാട്ട് സിനിമയുടെ കണക്കുകള്‍ നല്‍കിയിട്ടില്ലെന്നാണ് പരാതി. സിനിമയുടെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി. ക്രിസ്റ്റഫറിന്റെ നിര്‍മാതാക്കളായ ആര്‍ഡി ഇല്യൂമിനേഷന്‍സ് മാനേജിംഗ് പാര്‍ട്നറും ആറാട്ടിന്റെ സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് അടക്കം 12 പേരാണ് കേസിലെ എതിര്‍കക്ഷികള്‍.
ആറാട്ടിന്റെ ലാഭ വിഹിതമായ 10 കോടി രൂപ ഹര്‍ജിക്കാരായ നിര്‍മാതാക്കള്‍ക്ക് നല്‍കാതെ ക്രിസ്റ്റഫര്‍ സിനിമ നിര്‍മിക്കാന്‍ ഉപയോഗിച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഇവര്‍ പണം നല്കാന് ബാധ്യസ്ഥരായ കക്ഷികളാക്കിയാണ് കേസ്.
അതുകൊണ്ടുതന്നെ കേസ് തീര്‍പ്പാകുന്നതു വരെ ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന 10 കോടി രൂപ ഈടു നല്കാന് കോടതി ഇവര്‍ക്ക് നിര്‍ദേശം നല്കി. ആര്‍ഡി ഇല്യൂമിനേഷ് ഈ തുക കൈമാറരുതെന്നും നിര്‍ദേശമുണ്ട്.