ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്; നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. മുളന്തുരുത്തി പെരുമ്പിള്ളി പാണാര് പാലത്തിന് സമീപം പുത്തറമലയില് വീട്ടില്‍ സഞ്ചു സാബു (23) വിനെയാണ് ആറുമാസത്തേക്ക് നാടു കടത്തിയത്. മുളന്തുരുത്തി പോലീസ് സ്റ്റേഷന്, തൃപ്പൂണിത്തുറ എക്സൈസ് ഓഫീസ് പരിധികളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുളളില്‍ കൊലപാതക ശ്രമം, അടിപിടി, മയക്കു മരുന്ന് കേസ് തുടങ്ങി നിരവധി കേസിലെ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ കാഞ്ഞിരമറ്റം മില്ലുങ്കല്‍ ഭാഗത്ത് വച്ച് റിനാസ് എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി നാട് കടത്തിയത്.
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 41 പേരെ നാട് കടത്തി. 63 പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ ശക്തമായി തുടരുമെന്ന് എസ്.പി പറഞ്ഞു.