ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; ജോളി എത്തിയത് ബിരുദ പരീക്ഷയ്ക്കായി
കൂടത്തായി കേസിലെ പ്രതി ജോളി കോടതിയിൽ എത്തിയത് പുതിയ മേക്കോവറിലാണ്. ജീന്‍സും ടോപ്പും അണിഞ്ഞ് ആത്മവിശ്വാസത്തോടെ പൊലീസുകാര്‍ക്കൊപ്പം എത്തിയ ജോളിയെ കാണാന്‍ ആളുകള്‍ എത്തിയതോടെ പൊലീസ് ഇവരെ കോടതിക്ക് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ജോളി പൊലീസിനോട് തമാശ പറയാനും ചിരിക്കാനും ഒക്കെ ശ്രമിച്ചിരുന്നു. ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കോഴിക്കോട് സബ്ജയിലില്‍ തടവില്‍ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലിലേയ്ക്ക് കൊണ്ടുപോയിരുന്നു.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുടുംബാംഗങ്ങളായ ആറു പേരെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജയില്‍ശിക്ഷ അനുഭവിക്കുന്നത്.













