കൈക്കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്ത സംഭവം; സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്
ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി ഭര്‍ത്താവ്. കഴിഞ്ഞ മാസം മുപ്പതിന് കൊയിലാണ്ടിയില്‍ ഒമ്പത് മാസം പ്രായമുള്ള മകള്‍ അനുഷികയുമായി പ്രബിതയെന്ന യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വീട്ടുകാരുടെ പീഡനമാണ് ഭാര്യയുടെ ആത്മഹത്യക്ക് കാരണമെന്നാമ് ഭര്‍ത്താവ് സുരേഷ് ബാബു പരാതിയില്‍ പറയുന്നത്.
തന്റെ അമ്മ മരിച്ചതിനു ശേഷം അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പെന്ഷന് തുക എടുത്തുവെന്ന് ആരോപിച്ച് പ്രബിതയെ തന്റെ ബന്ധുക്കള്‍ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുരേഷ് ബാബു പറയുന്നത്. തന്റെ സഹോദരങ്ങളും ഭര്ത്താക്കന്മാരും മക്കളും പ്രബിതയെ പീഡിപ്പിച്ചു. പ്രബിത മരിച്ച ദിവസം രാവിലെയും വീട്ടില്‍ പ്രശ്നമുണ്ടായി. പണം നല്‍കിയില്ലെങ്കില്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് അമ്മയെ അധിക്ഷേപിച്ചിരുന്നുവെന്നും പ്രബിതയുടെ മൂത്ത മകളും പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും മൊഴിയെടുത്തതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ബാബു ആരോപിക്കുന്നു.