കൊലപ്പെടുത്താനായി വശീകരിച്ച് വിളിച്ചു വരുത്തി; ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്കെതിരെ കുറ്റപത്രം
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപ്പെടുത്തുന്നതിനായി വശീകരിച്ചു വിളിച്ചു വരുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോണ്‍ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകത്തിന് തീരുമാനിച്ചത്. കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി. ഗ്രീഷ്മ ജയിലിലെത്തിയിട്ട് 85ാം ദിവസവുമാകുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതിനായി കഷായത്തില്‍ കളനാശിനി കലര്ത്തുന്നതിനു മുന്‍പായി ജ്യൂസില്‍ ഡോളോ ചേര്‍ത്ത് നല്കിയതിന്റെയും, കഷായത്തില്‍ വിഷം കലര്‍ത്തുന്നതിനേക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതിന്റെയുമെല്ലാം തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കഷായം നല്‍കിയത് എന്നതിനു തെളിവായി വാട്സാപ്പ് ചാറ്റുകളും വീണ്ടെടുത്തു. കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശ്യത്തോടെ വിളിച്ചു വരുത്തിയെന്നതിന് ഐപിസി 364-ാം വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേരളത്തില്‍ വിചാരണ നടത്താനാകുമോയെന്ന നിയമപ്രശ്നം നിലവിലുണ്ട്. ഇത് മറികടക്കാന്‍ ഈ വകുപ്പിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.