താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസര്‍ പിടിയില്‍
മലപ്പുറം താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസര്‍ പിടിയില്‍. കോഴിക്കോട് എലത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇവിടെ ഒരു വീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ഞായറാഴ്ച നാസര്‍ ഒളിവില്‍ പോയിരുന്നു.
നാസറിന്റെ കാര്‍ കൊച്ചി പാലാരിവട്ടം പോലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന് സലാം, സഹോദരന്റെ മകന്, അയല്‍വാസി ഷാഫി എന്നിവര്‍ കാറിലുണ്ടായിരുന്നു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്.
ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കാറിനുള്ളില്‍ നിന്ന് നാസറിന്റെ ഫോണും കണ്ടെത്തി. ദൃശ്യം മോഡലില്‍ രക്ഷപ്പെടാനായിരുന്നു നാസറിന്റെ ശ്രമം.