പീഡനക്കേസില്‍ ഉണ്ണി മുകുന്ദന് തിരിച്ചടി; വിചാരണ തടയാനാകില്ലെന്ന് ഹൈക്കോടതി, നടന്റെ ഹര്‍ജി തള്ളി
പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പീഡനക്കേസില്‍ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി. കോട്ടയം സ്വദേശിനിയായ യുവതി മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണി മുകുന്ദന് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് റദ്ദാക്കണമെന്ന് മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും നടന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആ ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടന് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നേരത്തേ നീക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയതായി ആരോപണം നേരിട്ട അഡ്വ.സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യ അഭിഭാഷകന്.
കേസ് ഒത്തുതീര്‍പ്പാക്കിയതായി അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് യുവതിയല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിയില്‍ വിശദീകരണം നല്കാന് നടന് ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.