ബാലസോര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി; 803 പേര്‍ക്ക് പരുക്കേറ്റു
ബാലസോര്‍ തീവണ്ടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കനുസരിച്ചാണ് ഇതെന്ന് റെയില്‍വേ അറിയിക്കുന്നു. 803 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ 56 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയില്‍ ഉന്നതതലയോഗം ചേര്‍ന്നു.