രാഹുല്‍ ഗാന്ധി ഫ്ലയിംഗ് കിസ് നല്കി; ആരോപണവുമായി സ്മൃതി ഇറാനി
കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഫ്ലയിംഗ് കിസ് നല്‍കിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ലോക്സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാര്‍ക്ക് ഫ്ലയിംഗ് കിസ് നല്‍കിയെന്നാണ് ആരോപണം.
വിഷയത്തില്‍ ബി ജെ പിയുടെ വനിതാ എം പിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി. എംപിയായി തിരിച്ചെടുത്തതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗമായിരുന്നു അല്പം മുമ്പ് നടന്നത്. രാജസ്ഥാനില്‍ വൈകിട്ട് മൂന്ന് മണിക്ക് പരിപാടി നിശ്ചയിച്ചിരുന്നതിനാല്‍ മറുപടി കേള്‍ക്കാൻ അദ്ദേഹം സഭയില്‍ നിന്നില്ല.
പിന്നാലെ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് സ്മൃതി ഇറാനിയായിരുന്നു സംസാരിച്ചത്. ഇതിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. ‘എനിക്ക് മുന്നേ സംസാരിച്ചയാള്‍ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ഒരു പുരുഷന് മാത്രമേ വനിതാ പാര്‍ലമെന്റംഗങ്ങള്‍ക്ക് ഫ്ലയിംഗ് കിസ് നല്കാൻ കഴിയൂ.’ -എന്നായിരുന്നു മന്ത്രി പറഞ്ഞത്.