840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം ഇടിഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. വെള്ളിയാഴ്ച സ്പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,177.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 1.1 ശതമാനം ഉയര്‍ന്ന് 4,202 ഡോളറായി. ബുധനാഴ്ച രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ ശക്തമായ തിരിച്ചുവരവ്.













