ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം. മരണത്തിൽ ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പല തവണ അന്വേഷിക്കപ്പെട്ട കേസില്‍ സംശയം ഉന്നയിച്ച് മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ബെഞ്ചിന്റെ ഉത്തരവ്. നേരത്തേ നടന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും അതിനാൽ പുനരന്വേഷണം വേണമെന്നുമാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.
മുമ്പ് സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ച കേസിൽ, സാധാരണ വാഹനാപകടം എന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു കേസിൽ പ്രതി ചേര്‍ത്തത്. എന്നാൽ ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരും സഹായികളും പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കേസില്‍ കൂടുതല്‍ ദുരൂഹത ഉയർത്തുന്നു.












