കളമശ്ശേരിയിലെ പൊട്ടിത്തെറി: അവധിയിലുള്ളവരോട് അടിയന്തിരമായി തിരിച്ചെത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
കളമശ്ശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തിരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്കി. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
ഇന്ന് രാവിലെയാണ് കളമശ്ശേരി സാമ്ര ഇന്റര്‍നാഷനല്‍ കണ്വൻഷൻ സെന്ററില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററില്‍. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000 ത്തിലധികം പേര് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളില്‍ സ്ഫോടനമുണ്ടായി. മൂന്നുനാലിടങ്ങളില്‍ ഇത്തരത്തിലുള്ള പൊട്ടിത്തെറിയുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. എറണാകുളം ഡി.സി.പി അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.