പെപ്രക്ക് വേണ്ടി ബ്ളാസ്റ്റേഴ്സ് ഈ സൂപ്പർ താരത്തെ ഒഴിവാക്കിയോ???
ഐഎസ്എൽ ഫുട്ബോളിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന് ഈ സീസണിലെ പ്രീ ട്രാൻസ്ഫർ വിൻഡോയിൽ വീഴ്ച പറ്റിയതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർറ്റുകൾ സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ മുൻ താരത്തെ സ്വന്തമാക്കാനുള്ള ഒരു അവസരം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ വിദേശ സ്ട്രൈക്കറായ സ്പാനിഷ് താരം അൽവാരൊയെ സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നുവെന്നും എന്നാൽ, അത് നടത്താതെ അവസാനം ഖ്വാമെ പെപ്രയെ തട്ടകത്തിൽ എത്തിക്കുകയായിരുന്നു എന്നുമാണ് പുറത്തു വന്നിരിക്കുന്ന വിവരം. 2021 – 2022 ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചതിൽ നിർണായക പങ്ക് വഹിച്ചത് ആൽവാരൊ ആയിരുന്നു.സ്പാനിഷ് താരമായ ആൽവാരൊയും അർജന്റൈൻ താരമായ ജോർജ് പെരേര ഡിയസുമായിരുന്നു 2021 – 2022 സീസണിൽ മഞ്ഞപ്പടയുടെ ആക്രമണം നയിച്ചത്. കഴിഞ്ഞ സീസണിൽ എഫ് സി ഗോവയിലേക്ക് ചേക്കേറിയ അൽവാരോയെ ബ്ലാസ്റ്റേഴ്സിനു കൈമാറാൻ അവർ തയാറായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഈ നീക്കം കൊച്ചി ക്ലബ് മനപൂർവം താമസിപ്പിച്ചു എന്നും ഒടുവിൽ ഖ്വാമെ പെപ്രയെ സ്വന്തമാക്കുകയായിരുന്നു എന്നുമാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. എന്നാൽ, ഇതു സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.ഘാന സെന്റർ സ്ട്രൈക്കർ ഖ്വാമെ പെപ്ര ഇതുവരെ ഫോം കണ്ടെത്താത്തതാണ് ആൽവാരൊയുടെ തിരിച്ചു വരവ് സംബന്ധിച്ചുള്ള വെളിപ്പെടുത്തലിന്റെയും അടിസ്ഥാനം. ആറ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടും ഒരു ഗോൾ നേടാനോ ഒരു അസിസ്റ്റ് നടത്താനോ 22 കാരനായ ഖ്വാമെ പെപ്രയ്ക്കു സാധിച്ചിട്ടില്ല. ഖ്വാമെ പെപ്രയ്ക്ക് ഒപ്പം കൊച്ചി ക്ലബ്ബിൽ എത്തിയ ജാപ്പനീസ് അറ്റാക്കിങ് മിഡ്ഫീൽഡർ ഡൈസുകെ സകായ് ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെതിരേ ഗോൾ സ്വന്തമാക്കിയിരുന്നു. വളരെ അപ്രതീക്ഷിതമായി ഇസ്രയേലി ക്ലബ്ബുമായുള്ള കരാർ റദ്ദാക്കിയ ശേഷമായിരുന്നു ഖ്വാമെ പെപ്ര കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. രണ്ട് ആഴ്ച മാത്രമായിരുന്നു പെപ്ര ഇസ്രയേലി ക്ലബ്ബിൽ ഉണ്ടായിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വൻ ഹൈപ്പോടെയായിരുന്നു ഘാന താരത്തിന്റെ വരവ്. ഇതിനിടെ ഖ്വാമെ പെപ്രയെ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ് സിക്ക് കൈമാറിയശേഷം ബ്ലാസ്റ്റേഴ്സ് ലോൺ അടിസ്ഥാനത്തിൽ മലബാറിയൻസിനു നൽകിയ ജെസ്റ്റിൻ എമ്മാനുവലിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യവും ആരാധകർ ഉന്നയിച്ചിരുന്നു. അതോടൊപ്പം തന്നെ പെപ്രയ്ക്ക് ഫോമിലാകാൻ സമയം കൊടുക്കണം എന്നും ഒരു കൂട്ടം ആരാധകർ പറയുന്നുണ്ട്.
ഈ മാസം 25 ന് സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് ഹൈദരാബാദ് എഫ് സിക്കെതിരെയാണ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെതിരായ ജയത്തിലൂടെ ചരിത്രത്തിൽ ആദ്യമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയ മഞ്ഞപ്പട, നിലവിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുള്ള എഫ് സി ഗോവയാണ് ഐ എസ് എൽ ടേബിളിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ആറ് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 13 പോയിന്റാണ് മഞ്ഞപ്പടയ്ക്ക് ഉള്ളത്. പരിക്ക് മാറി മാർക്കോ ലെസ്ക്കോവിച്ചും വിലക്ക് മാറി പ്രബീർ ദാസും അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും.അതോടെ മഞ്ഞപ്പട കൂടുതൽ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ റെഡ് കാർഡ് കിട്ടിയ ദിമിത്രിയോസ് ഡയമെന്റക്കോസ് അടുത്ത മത്സരത്തിലും ഇല്ലാത്തതിനാൽ ലൂണ- ദിമി സഖ്യം മഞ്ഞപ്പട തീർച്ചയായും മിസ്സ് ചെയ്യും. എന്നിരുന്നാലും ഗോൾകീപ്പർ സച്ചിൻ സുരേഷും ഡൈസുക്കെ സക്കായിയും അടക്കം മഞ്ഞപ്പടയിലെ താരങ്ങൾ എല്ലാം ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മികച്ച ഫോമിലേക്കെത്തുകയാണ്. അത് തീർച്ചയായും മഞ്ഞപ്പടയ്ക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണ്.