ഡല്‍ഹി ഗോകുല്‍പുരി മെട്രോ സ്റ്റേഷന്റെ ഒരു ഭാഗം തകര്‍ന്നുവീണു; 1 മരണം, 4 പേര്‍ക്ക് പരിക്ക്
ഡല്‍ഹി ഗോകുല്‍പുരി മെട്രോ സ്റ്റേഷന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഡിഎംആര്‍സിയുടെ പിങ്ക് ലൈന്റെ ഭാഗമാണ് അപകടത്തില്‍പെട്ടത്.
ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അപകട സമയത്ത് അതുവഴി സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ് കുമാര്‍ എന്ന 53 കാരനാണ് ചുമരിന്റെ അവശിഷ്ടങ്ങള്‍ ദേഹത്ത് പതിച്ച് മരണമടഞ്ഞത്.
കരാവല്‍ നഗര്‍ മേഖലയിലെ ഷഹീദ് ഭഗത് സിംഗ് കോളനിയിലെ താമസക്കാരനാണ് മരിച്ച വിനോദ് കുമാര്‍. രാവിലെ 11.10 ഓടെയാണ് അപകട വിവരം ഫയര്‍ ഫോഴ്സിന് അറിയിക്കുന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി വിനോദ് കുമാര്‍ അടക്കം പരിക്കേറ്റ അഞ്ചു പേരെയും ദില്‍ഷാദ് ഗാര്‍ഡനിലെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ നാല് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു.
എലവേറ്റഡ് പ്ലാറ്റ്ഫോമിന്റെ ചുറ്റുമതിലും ഒരു സ്ലാബും ഇളകി വീഴുകയായിരുന്നു. സ്ലാബിന്റെ കുറച്ചുഭാഗം ഇപ്പോഴും അപകട നിലയിലാണെന്നും പോലീസ് പറയുന്നു.