കെഎസ്ആര്‍ടിസിയില്‍ വലിയ മാറ്റം വരുന്നു; നടപ്പാക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം
ദീർഘദൂര സർവീസുകള്‍ക്കു മാത്രമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്ടിനെ സ്വതന്ത്രകമ്ബനി പദവിയില്‍ നിന്നു മാറ്റാൻ ഗതാഗതവകുപ്പില്‍ ആലോചന നടക്കുന്നു. പുതുതായി വാങ്ങുന്ന ബസുകളുടെ ആദ്യ ബാച്ച് സ്വിഫ്ടിനു നല്കുന്നതിനു പകരം കെ.എസ്.ആർ.ടി.സിക്ക് നല്‍കാനാണ് തീരുമാനം.
2023 ലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് പ്രകാരം ലാഭത്തിലുള്ള ഏക പൊതുമേഖല ഗതാഗത സംവിധാനം ‘സ്വിഫ്ട്’ ആണ്. കെ.എസ്.ആർ.ടി.സി വലിയ കടബാദ്ധ്യതയിലായിരുന്നു. ഇത് കൊണ്ടുകൂടിയാണ് കിഫ്ബി വായ്പ ഉള്‍പ്പെടെ നേടിയെടുക്കുന്നതിന് സ്വിഫ്ട് എന്ന സ്വതന്ത്രകമ്ബനി രൂപീകരിച്ചത്. സർക്കാർ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ ഇപ്പോള്‍ റിവേഴ്സ് ഗിയറിലാണ്. തിരഞ്ഞെടുപ്പിനുശേഷം ‘സ്വിഫ്ട്’ അഴിച്ചുപണിയുന്നതു സംബന്ധിച്ച പദ്ധതിക്ക് അന്തിമരൂപം നല്‍കും.
2022 ഫെബ്രുവരിലാണ് സ്വിഫ്ട് തുടങ്ങിയത്. ഇതിന്റെ രൂപീകരണത്തിന് തൊഴിലാളി സംഘടനകള്‍ എതിരായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ നീക്കത്തിന് പിന്തുണ ലഭിക്കും.
കെ.എസ്.ആർ.ടി.സിയിലെ സേവന വേതന വ്യവസ്ഥകളില്‍ ദീർഘദൂര ബസുകള്‍ ഓടിക്കുമ്ബോള്‍ പ്രവർത്തനച്ചെലവ് കൂടും. ഇതൊഴിവാക്കാൻ കരാർ ജീവനക്കാരെയാണ് സ്വിഫ്ടില്‍ നിയോഗിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണിക്ക് നിർമ്മാതാവിന് തന്നെ കരാർ നല്‍കുക വഴി ചെലവ് കുറയ്ക്കുകയും ചെയ്തു.
പരിഷ്കരണനീക്കം ഇങ്ങനെ – ജീവനക്കാരെ സ്വിഫ്ടില്‍ നിന്നു കെ.എസ്.ആർ.ടി.സിയിലേക്കും തിരിച്ചും മാറ്റും ദീർഘദൂര ബസുകളുടെ ഓണ്‍ലൈൻ ബുക്കിംഗ് പഴയപടി കെ.എസ്.ആർ.ടി.സിക്ക് നൽകും. കണ്ടക്ടർ കം ഡ്രൈവർ സംവിധാനത്തിലും മാറ്റം വരും.
പുതിയ ബസുകളും, ദീർഘദൂര ട്രിപ്പുകളും കൈമാറിയതാണ് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകള്‍ക്ക് സ്വിഫ്ടിനോടുള്ള എതിർപ്പിന് പ്രധാന കാരണം. ദീർഘദൂര ബസുകളില്‍ ഡബിള്‍, ട്രിപ്പിള്‍ ഡ്യൂട്ടി സംവിധാനമാണുള്ളത്. സ്വിഫ്ട് വന്നതോടു കൂടി കെ.എസ്.ആർ.ടി.സിയില്‍ ദീർഘദൂര സർവീസുകള്‍ക്കു പോയിരുന്ന ജീവനക്കാരില്‍ നല്ലൊരു പങ്കിനും അത് നഷ്ടമായി. സ്വിഫ്ടിലെ ജീവനക്കാർ സംഘടിതരല്ലാത്തതിനാല്‍ അവരും പ്രത്യക്ഷമായി എതിർക്കില്ല. 1300 താത്കാലിക ജീവനക്കാരാണ് സ്വിഫ്ടിലുള്ളത്.