പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച ആശുപത്രിയ്ക്ക് ലൈസൻസില്ല; ഡോക്ടര്‍മാര്‍ക്ക് യോഗ്യതയുമില്ല
കിഴക്കൻ ഡല്‍ഹിയില്‍ ശനിയാഴ്ച രാത്രിയില്‍ തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിരവധി നിയമലംഘനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി.
ആശുപത്രിയ്ക്ക് നല്‍കിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
വെറും അഞ്ച് ബെഡുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നതെങ്കിലും അപകടസമയത്ത് ഇവിടെ 12 നവജാത ശിശുക്കള്‍ ഉണ്ടായിരുന്നതായി ഡിസിപി ഷഹ്ദാര സുരേന്ദ്ര ചൗധരി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെ ചികിത്സിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡോക്ടർമാർക്ക് ഉണ്ടായിരുന്നില്ല. ബിഎഎംഎസ് ഡിഗ്രിയാണ് ഇവർക്കുണ്ടായിരുന്നത്.
ആശുപത്രിയില്‍ ഒരിടത്തും അഗ്നിരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നില്ല മാത്രമല്ല ഗാർഹിക ആവശ്യങ്ങള്‍ക്കായി നിർമ്മിച്ച കെട്ടിടമാണ് ആശുപത്രിയാക്കി മാറ്റിയതെന്നും ആക്ഷേപമുണ്ട്. ഡല്‍ഹി നഴ്സിംഗ് ഹോം നിയമപ്രകാരം രജിസ്റ്റർ ചെയ്തല്ല ആശുപത്രി പ്രവർത്തിച്ചിരുന്നത്.
ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ മുന്നില്‍കണ്ട് ആശുപത്രി ഡയറക്ടർ നവീൻ കിച്ചിയെ അറസ്റ്റ് ചെയ്യുകയാണെന്നും അപകട സമയത്ത് ജോലിയിലുണ്ടായിരുന്ന ഒരു ഡോക്ടറെയും അറസ്റ്റ് ചെയ്തെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഡോ. നവീൻ കിച്ചിയ്ക്ക് ഇത്തരത്തില്‍ ഡല്‍ഹിയില്‍ മൂന്ന് സ്ഥാപനങ്ങള്‍ കൂടിയുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.