വിവേകാനന്ദപ്പാറയിലെ മോദിയുടെ 45 മണിക്കൂര്‍ നീളുന്ന ധ്യാനം ഇന്ന് അവസാനിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലെ ധ്യാനം ഇന്ന് അവസാനിക്കും. 45 മണിക്കൂർ നീളുന്ന ധ്യാനം വൈകീട്ട് മൂന്നരയ്ക്ക് അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയില്‍നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും.
അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരാണസിയിലേക്കാണ് തിരിക്കുക. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കന്യാകുമാരിയില്‍ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം നേവിയുടെ ബോട്ടിലാണ് വിവേകാനന്ദപ്പാറയിലേക്ക് പോയത്.വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്.
അതീവ സുരക്ഷയാണ് കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു.