ചെലവ് ചുരുക്കാൻ KSRTC; കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലാത്ത ട്രിപ്പുകള്‍ റദ്ദാക്കും
കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാൻ കെ.എസ്.ആർ.ടി.സി.
വരുമാനം വർധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങള്‍ അറിയിക്കാൻ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സർവീസ് നടത്തണം. എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കില്‍ അത് റദ്ദാക്കണമെന്നും നിർദേശത്തില്‍ പറയുന്നു. കിലോമീറ്ററിന് എഴുപതു രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന അഡീഷണല്‍ സർവീസുകളോ ട്രിപ്പുകളോ നടത്തുന്നതിന് യൂണിറ്റ് മേധാവികള്‍ക്ക് അനുമതിയുണ്ടാകും. തീരെ വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ നടത്തിയാല്‍ അതിന് ഉത്തരവാദിയായവർ കാരണം ബോധിപ്പിക്കേണ്ടിവരും.
യൂണിറ്റുകളിലെ അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും വിവിധ വിഭാഗം മേധാവികളുടെയും യോഗം ചേർന്ന് അവരുടെ നിർദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി ചീഫ് ഓഫീസിലേക്ക് അയയ്ക്കണം. കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരുടെയും ബസിന്റെയും കുറവുണ്ടെങ്കില്‍ അതും അറിയിക്കണം.