ബിഗ് ബോസ് വീട്ടിലെ അര്മാൻ-കൃതിക സെക്സ് ക്ലിപ്പ് വിവാദം: ഷോ നിര്‍ത്തണമെന്ന് ശിവസേന നേതാവ്
ബിഗ് ബോസ് ഒടിടി മൂന്നാം സീസണിലെ ഒരു എപ്പിസോഡില്‍ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തെന്ന ആരോപണമാണ് കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
അർമാൻ മാലിക് തന്റെ രണ്ടാം ഭാര്യ കൃതിക മാലിക്കുമായി ബിഗ് ബോസ് വീടിനകത്ത് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്ന രീതിയിലാണ് ആരോപണം ഉയരുന്നത്. ഇരുവരുടെയും ചില റൊമാന്റിക് നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈറല്‍ വീഡിയോയ്ക്കു പിന്നാലെ വിമർശനങ്ങളും ഉയർന്നു. അതിനു പിന്നാലെയാണ് ഷോയുടെ സംപ്രേക്ഷണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് മനീഷ കയാൻഡെ രംഗത്തുവന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയുടെ വക്താവ് ആണ് മനീഷ കയാൻഡെ. തിങ്കളാഴ്ച മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാല്‍ക്കറുമായി കയാൻഡെ കൂടിക്കാഴ്ച നടത്തുകയും ബിഗ് ബോസ് ഒടിടി മൂന്നിൻ്റെ ഉള്ളടക്കം സംബന്ധിച്ച് നടപടി ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 18ന് സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ ബിഗ് ബോസ് വീട്ടിലെ കിടപ്പുമുറിയില്‍ പുതപ്പിനു താഴെ കൃതിക മാലിക്കിനൊപ്പം അർമാൻ മാലിക്ക് ഉണ്ടായിരുന്നുവെന്നാണ് മനീഷ കയാൻഡെ അവകാശപ്പെടുന്നത്.
“കുട്ടികള്‍ പോലും കാണുന്ന ഷോ ആണിത്, ഇതവരെ സ്വാധീനിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ഷോയുടെ കണ്ടന്റില്‍ കയാൻഡെ ആശങ്ക പ്രകടിപ്പിച്ചത്. ഷോ നിർത്തിവയ്ക്കണമെന്നും ഷോയുടെ നിർമ്മാതാക്കള്‍ക്കും അത് സംപ്രേഷണം ചെയ്യുന്ന കമ്ബനിയുടെ സിഇഒയ്ക്കും എതിരെ സൈബർ ക്രൈം നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു കയാൻഡെയുടെ ആവശ്യം.
എന്നാല്‍, അത്തരമൊരു ക്ലിപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സംപ്രേഷണം ചെയ്തിട്ടില്ലെന്നും ആരോ വ്യാജ ക്ലിപ്പ് സൃഷ്ടിച്ചതാണെന്നും വ്യാജ ക്ലിപ്പ് പ്രചരിപ്പിച്ച വ്യക്തിയെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്നും പ്രസ്താവന ഇറക്കിയിരിക്കുകയാണ് ജിയോ സിനിമ.
“ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുന്ന ഏതൊരു ഉള്ളടക്കത്തിൻ്റെയും ഗുണനിലവാരവും അനുയോജ്യതയും ഉറപ്പാക്കാൻ ജിയോസിനിമ കർശനമായ പ്രോഗ്രാമിംഗ് മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നു. ജിയോസിനിമയില്‍ സ്ട്രീം ചെയ്ത ബിഗ് ബോസ് ഒടിടിയില്‍ അത്തരത്തിലുള്ള ഉള്ളടക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് അശ്ലീലം ഉള്‍പ്പെടുത്തി വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണ്. ജിയോസിനിമയുടെ സമഗ്രതയും കാഴ്ചക്കാർ ഞങ്ങളില്‍ അർപ്പിക്കുന്ന വിശ്വാസവും സംരക്ഷിക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ വ്യാജ ക്ലിപ്പിൻ്റെ സൃഷ്ടിയും പ്രചാരവും വളരെ ഗൗരവതരമായ കാര്യമാണ്,” പ്രസ്താവനയില്‍ ജിയോ സിനിമ വ്യക്തമാക്കി.
ഈ ക്ലിപ്പിൻ്റെ ഉത്ഭവം തിരിച്ചറിയുന്നതിനായി ടീം പ്രവർത്തിക്കുകയാണെന്നും ബിഗ് ബോസ് ഒടിടി, ജിയോ സിനിമ എന്നിവയ്ക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം സൃഷ്ടിച്ച് വിതരണം ചെയ്തതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ബിഗ് ബോസ് ഒടിടി മൂന്നിലെ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളില്‍ ഒരാളാണ് യൂട്യൂബർ അർമാൻ മാലിക്. ഭാര്യമാരായ പായലിനും കൃതികയ്ക്കുമൊപ്പം ബിഗ് ബോസില്‍ മത്സരിക്കാൻ എത്തിയ അർമാൻ ആദ്യം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർമാരില്‍ ഒരാളാണ് അർമാൻ. ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് അർമാൻ. രണ്ടുഭാര്യമാരിലായി ചിരായു, തുബ, അയാൻ, സെയ്ദ് എന്നിങ്ങനെ നാലു മക്കളാണ് അർമാനുള്ളത്.