ജോയിയുടെ അമ്മയ്ക്ക് വീട്; തിരുവനന്തപുരം കോര്പ്പറേഷൻ നല്കിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ചു നല്‍കും. തിരുവനന്തപുരം കോർപ്പറേഷൻ നല്കിയ ശുപാർശയ്ക്ക് സർക്കാർ അനുമതി നല്കി. മൂന്ന് സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നല്‍കണം. സബ്സിഡി വ്യവസ്ഥകള്‍ക്ക് വിധേയമായി കോർപ്പറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ചു നല്‍കുക.
ജോയിയുടെ കുടുംബത്തിന് നേരത്തേ പത്ത് ലക്ഷം രൂപ കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചത്. ജൂലായ് 13ന് രാവിലെയാണ് മാരായമുട്ടം സ്വദേശിയായ ജോയിയും മറ്റ് മൂന്ന് തൊഴിലാളികളും തമ്ബാനൂർ റെയില്‍വേ സ്റ്റേഷനോട് ചേർന്ന ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. സ്കൂബാ ഡൈവർമാർ, കേരള ഫയർ ഫോഴ്സ് അംഗങ്ങള്‍, റോബോട്ട് തുടങ്ങിയവ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.
48 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവില്‍ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.