മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി
കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി. ലൈംഗികാരോപണ പരാതിയിൽ മുൻകൂർ ജാമ്യം തേടി മുകേഷ് സമർപ്പിച്ച ഹർജിയിലാണ് മുൻകൂർ ജാമ്യം. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് പാടില്ല. മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.
ലൈംഗിക പീഡന പരാതിയിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരെ കൊച്ചി മരട് പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. ഇതിന് പിന്നാലെയാണ് മുകേഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.