‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി
തിരുവനന്തപപുരം: മോഹൻ ലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത. സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് മൻസൂറിനെ സംരക്ഷിക്കുന്നതെന്ന് അതിജീവിത പറഞ്ഞു. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പരാതി നൽകിയിട്ടും ഇടാളെ എമ്പുരാൻ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി പറഞ്ഞു. പിന്നീട് ഇയാളെ സിനിമയിൽ നിന്ന് നീക്കിയെന്ന് അണിയറക്കാർ അറിയിച്ചു. ഹൈദരാബാദ് പൊലീസ് മൻസൂർ റഷീദിനെ അന്വേഷിച്ച് കേരളത്തിൽ വന്നപ്പോൾ ഇയാളുടെ വീട്ടിലടക്കം ഒളിവിൽ കഴിഞ്ഞതിന് തെളിവ് ലഭിച്ചിരുന്നു. ഫോൺ ട്രാക്കിംഗ് രേഖകൾ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി പറയുന്നു. സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ല. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ എന്നിവരെ 2021-ൽ തന്നെ പരാതി പറഞ്ഞ് വിളിച്ചതാണെന്നും ഇവരാരും ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ഒരു മറുപടിയും തന്നില്ലെന്നും അതിജീവിത പറയുന്നു.
നാട്ടിൽ തനിക്കും കുഞ്ഞിനുമെതിരെ വളരെ മോശം രീതിയിൽ പ്രാദേശിക പാർട്ടി നേതൃത്വത്തിൻറെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തി. ഹൈദരാബാദിൽ പരാതി നൽകിയതിൻറെ പക വീട്ടാൻ മൻസൂർ റഷീദ് തൻറെ കുടുംബജീവിതവും തകർത്തു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നത്. നിലവിൽ ഹൈദരാബാദിൽ ജീവിക്കുന്നത് ജീവഭയത്തോടെയെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുഞ്ഞിനെയും തന്നെയും മൻസൂർ കൊല്ലുമോ എന്ന് പേടിയുണ്ടെന്നും, വിലാസം പോലും ആരോടും പറയാതെയാണ് തെലങ്കാനയിൽ ജീവിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
നാട്ടിൽ വിവാഹമോചനക്കേസ് നടത്താൻ പോലും അഭിഭാഷകരെ കിട്ടാത്ത സാഹചര്യമാണ്. മൻസൂർ പാനീയത്തിൽ മയക്ക് മരുന്ന് കലർത്തിയാണ് ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിക്കാരി പറഞ്ഞു. പ്രധാനതാരങ്ങൾ ഒഴികെ സിനിമയിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട് ഉണ്ടെന്നും യുവതി വ്യക്തമാക്കി. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.
തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിൻറെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് ഇന്ന് മെയിൽ വഴി പരാതി നൽകും. ഹൈദരാബാദിലെ പരാതിയുടെ വിശദാംശങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുത്തുമെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.