സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്; പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മോശമായി പെരുമാറിയെന്ന് നടി
പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്ന് ജൂനിയർ ആർട്ടിസ്റ്റ് മൊഴി നൽകിയിരുന്നു. ഇപ്പോൾ സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുകയാണ് മരട് പോലീസ്. ഇ-മെയിൽ മുഖേന ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായിരുന്നതെന്നാണ് നടി പറയുന്നത്. എറണാകുളത്തെ ക്രൗൺ പ്ലാസ എന്ന ഹോട്ടലിൽ പരസ്യത്തിന്റെ കാര്യം പറഞ്ഞ് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. കൂടുതൽ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തു.
അതേസമയം നടൻ ബാബു രാജിനെതിരെയും പരാതി നൽകിയത് ഇതേ പെൺകുട്ടി തന്നെയാണ്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ബാബു രാജിനെതിരായ പരാതി.സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്. എന്നാൽ അമ്മ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം ഉയർന്നിരുന്നത്.
വിഷയം നേരത്തെ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. താൻ കൊച്ചി ഡിസിപിയായിരിക്കുമ്പോൾ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്ന് മലപ്പുറം എസ്.പി എസ് ശശിധരൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയോട് പരാതിപ്പെടാൻ ആവശ്യപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നൽകിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞ് പോയങ്കിലും വന്നതുമില്ല എന്നാണ് എസ്പി പറഞ്ഞിരുന്നത്.
തന്നെ കൂടാതെ വേറെയും പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് ഇരയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ‘നേരിട്ട് കണ്ട് സംസാരിച്ച ശേഷം നമുക്ക് നല്ല റോൾ തിരഞ്ഞെടുക്കാം എന്നായിരുന്നു എന്നോട് പറഞ്ഞത്. അവിടെ വച്ചാണ് അദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിച്ചത്. അത് മാനസികമായി തളർത്തിയിരുന്നു. ഞാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിലെ കുട്ടിയാണ്.
ഒരുപാട് പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ട്. സംവിധായകൻ അവിടെയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് എന്നെ അങ്ങോട്ട് കൊണ്ട് പോയത്. ‘ബാബുരാജ് ചെയ്തത് പോലെ തന്നെയാണ് ശ്രീകുമാർ മേനോനും എന്നോട് ചെയ്തത്. എറണാകുളം ക്രൗൺ പ്ലാസയിലേക്ക് എന്നെ വിളിച്ചു വരുത്തുകയായിരുന്നു. ചർച്ച കഴിഞ്ഞ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്’ ഈ രണ്ട് സംഭവങ്ങളും മാനസികമായി തളർത്തി. എന്നാണ് പെൺകുട്ടി വെളിപ്പെടുത്തലിൽ പറഞ്ഞത്.