2024ൽ നരേന്ദ്രമോദി ജയിച്ച വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ആവശ്യവുമായി കോൺഗ്രസ്
2024ല്‍ നരേന്ദ്ര മോദി ജയിച്ച വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. 2024ലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രകടനം നടത്തിയത്. വാരണാസിയിൽ ‘വീണ്ടും തിരഞ്ഞെടുപ്പ്’ നടത്തണമെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ആര് അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം പ്രതിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് രാജേശ്വര് സിംഗ് പട്ടേലിന്റെയും മഹാനഗര്‍ കോണ്‍ഗ്രസ് കമ്മിറ്റി മേധാവി രാഘവേന്ദ്ര ചൗബെയുടെയും നേതൃത്വത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. ‘2024 ലെ വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണം. സംഭവത്തില്‍ ന്യായമായ അന്വേഷണം നടത്തണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.












