‘ഖാൻ യൂനിസിന്റെ കശാപ്പുകാരൻ’ ഇനിയില്ല; ഹമാസ് പതനം ലക്ഷ്യമിട്ട് ഇസ്രയേല്‍
ഹമാസിന്റെ വേരറക്കുകയെന്ന ഇസ്രയേല്‍ ലക്ഷ്യത്തില്‍ നിർണായകമാണ് സിൻവാർ വധം. ഇസ്രയേല്‍ വധിക്കുമെന്ന് പ്രഖ്യാപിച്ച ഹമാസ് നേതാക്കളില്‍ ബാക്കിയുണ്ടായിരുന്ന ഏക വ്യക്തി. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ സൂത്രധാരന്മാരിലെ പ്രധാനി.
സായുധ പോരാട്ടത്തിലൂടെ പല്സതീൻ രാഷ്ട്രം സൃഷ്ടിക്കുകയെന്ന ഏക ലക്ഷ്യവുമായാണ് സിൻവാർ മുന്നോട്ട് പോയത്. പതിനായിരക്കണക്കിന് പലസ്തീനികളെ കൊലപ്പെടുത്തി ഇസ്രയേല്‍ യുദ്ധം മുന്നോട്ട് പോകുമ്ബോഴും ഒക്ടോബർ ഏഴിലെ ആക്രമണത്തില്‍ യഹിയ സിൻവാർ പശ്ചാത്തപിച്ചിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിടുന്ന റിപ്പോർട്ടുകള്‍. സഖ്യകക്ഷിയായി നിലനിന്നിരുന്ന ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേല്‍ തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും സിൻവാർ കുലുങ്ങിയിരുന്നില്ല. ഇപ്പോഴിതാ, ലെബനനിലെ ഹിസ്ബുള്ളതലവൻ ഹസൻ നസ്രള്ളയെ വധിച്ച് ആഴ്ചകള്‍ക്കകമാണ് യഹ്യ സിൻവാറിനേയും ഇസ്രയേല്‍ കൊലപ്പെടുത്തിയിരിക്കുന്നത്.
തെക്കൻ ഗാസയിലെ റാഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് സൂചന. ഡി.എൻ.എ. പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ട മൂന്ന് ഹമാസുകാരില്‍ ഒരാള്‍ സിൻവാറാണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തില്‍ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. 250-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേലിന്റെ കണക്ക് പ്രകാരം പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇത്രയധികം ജൂതന്മാർ കൊല്ലപ്പെടുന്നത് ആദ്യമാണ്.
ഹമാസ് രാഷ്ട്രീയകാര്യനേതാവ് ഇസ്മയില്‍ ഹനിയെ, സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ തലവൻ മുഹമ്മദ് ദെയ്ഫ്, ഉന്നത കമാൻഡർ മർവാൻ ഈസ എന്നിവരെ യുദ്ധം തുടങ്ങിയശേഷം ഇസ്രയേല്‍ വധിച്ചിരുന്നു. ഹമാസ് കീഴടങ്ങിയാല്‍ സിൻവാറിനെ ഗാസവിടാൻ അനുവദിക്കാമെന്ന് ഇസ്രയേല്‍ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
ജൂലായില്‍ ഇറാനില്‍ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേല്‍ വധിച്ചതോടെയാണ് ഗാസയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന സിൻവാർ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്തു. 2017 മുതല്‍ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനുമായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
1980-കളുടെ അവസാനത്തില്‍ പിടിയിലായപ്പോള്‍ ഇസ്രയേലുമായി സഹകരിച്ചതിന് 12 പേരെ താൻ കൊലപ്പെടുത്തിയതായി സിൻവാർ സമ്മതിച്ചിരുന്നു. ഇതോടെയാണ്, ‘ഖാൻ യൂനസിന്റെ കശാപ്പുകാരൻ’ എന്ന പേര് യഹ്യ സിൻവാറിന് വീഴുന്നത്. രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുള്‍പ്പെടെ വിവിധകേസുകളിലായി നാലുജീവപര്യന്തം സിൻവാറിന് ഇസ്രയേല്‍ വിധിച്ചിരുന്നു. പിന്നീട് 22 വർഷത്തെ ജയില്‍വാസത്തിനുശേഷം 2016-ല്‍ നടന്ന തടവുകാരുടെ കൈമാറ്റത്തിനിടെ ഇസ്രയേല്‍ സിൻവാറിനെ മോചിപ്പിച്ചു.
2021-ലുണ്ടായ വധശ്രമം സിൻവാർ അതിജീവിച്ചു. 2015-ലാണ് സിൻവാറിനെ യു.എസ്. ഭീകരനായി പ്രഖ്യാപിച്ചത്. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെപേരില് മേയില്‍ അന്താരാഷ്ട്രനീതിന്യായക്കോടതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഹനിയെക്കുമൊപ്പം സിൻവാറിനെതിരേയും അറസ്റ്റുവാറന്റിറക്കിയിരുന്നു.