മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശ സുപ്രീം കോടതി സ്റ്റേ ചെയ്തു.
ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കരുതെന്ന് സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടന ആണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും ഭരണഘടന നല്കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷൻ നടപടി എന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തർപ്രദേശ് സർക്കാർ മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് സർക്കാർ സ്കൂളുകളിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.
മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് നിർദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം.