ശബരിമല തീര്‍ഥാടനം: ഏഴു പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു, 11 എണ്ണംകൂടി വരും
ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വേ ആദ്യഘട്ടത്തില്‍ ചെങ്ങന്നൂർവഴി ഏഴു പ്രത്യേക തീവണ്ടികള്‍ ഓടിക്കും.
ഇവയ്ക്ക് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തില്‍ 11 സ്പെഷ്യല്‍ തീവണ്ടികളോടിക്കാനുള്ള നിർദേശം ദക്ഷിണറെയില്‍വേ റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗത്തിനു സമർപ്പിച്ചു.
തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു (06083/83), മൗലാ അലി (ഹൈദരാബാദ്)-കൊല്ലം (07141/42), ഹുസൂർ സാഹിബ് നന്ദേഡ്-കൊല്ലം (07139/40), എം.ജി.ആർ. ചെന്നൈ – കൊല്ലം എ.സി. ഗരീബ് എക്സ്പ്രസ് (06119/20), എം.ജി.ആർ. ചെന്നൈ- കൊല്ലം (06117/18), എം.ജി.ആർ. ചെന്നൈ- കൊല്ലം (06113/14), എം.ജി.ആർ. ചെന്നൈ- കൊല്ലം (06111/12) എന്നീ തീവണ്ടികളാണ് അനുവദിച്ചത്. തീർഥാടകരുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച്, തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പനുവദിച്ചു. മണ്ഡലകാലം പരിഗണിച്ച് ഈ മാസം 16 മുതല്‍ അടുത്തമാസം 20 വരെയാണ് താത്കാലികമായി സ്റ്റോപ്പനുവദിച്ചിരിക്കുന്നത്.
നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പാവശ്യപ്പെട്ട് ചെങ്ങന്നൂരില്‍ നടന്ന അവലോകനയോഗത്തിലും റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോർഡ് ചെയർമാനും കത്തുനല്‍കിയിരുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു.