പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് സുരേഷ് ഗോപി
തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ്, തിരുവാറൻമുള തുടങ്ങിയ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റും ബിജെപി നേതാവുമായ ബി രാധാകൃഷ്ണ മേനോനുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.
തൃച്ചിറ്റാട്ട് മഹാവിഷ്ണു ക്ഷേത്രം, പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് പഞ്ചപാണ്ഡവർ നിർമിച്ചുവെന്ന് കരുതപ്പെടുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങൾ. പഴയ മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായി പമ്പ നദിയുടെ തീരത്താണ് എല്ലാ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അഞ്ച് വൈഷ്ണവ ക്ഷേത്രങ്ങൾ എന്നും ഇവ അറിയപ്പെടുന്നു.