‘യാത്രയിലായതിനാല്‍ 19ന് ഹാജരാവാം’: ഇളവ് തേടി വിജയ് ബാബു; സാവകാശം നല്‍കാനാവില്ലെന്ന് പോലീസ്
നടിയെ ബാലാല്‍സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം തേടി നടന് വിജയ് ബാബു. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലായതിനാല്‍ ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് പോലീസിന് അയച്ച ഇമെയിലില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാവകാശം നല്‍കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.
നടിയെ ബലാല്‍സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്കിയ നോട്ടീസിനാണ് ഇമെയിലില്‍ വിജയ് ബാബു മറുപടി നല്‍കിയത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലായതിനാല്‍ 19ന് കൊച്ചിയിലെത്തുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് വ്യക്തമാക്കുന്നത്. യാത്രയുടെ ഭാഗമായി നിലവില്‍ എവിടെയാണുള്ളതെന്ന് ഇമെയിലില്‍ വ്യക്തമാക്കുന്നില്ല. അതീവ ഗൗരവതരമായ ബാലല്സംഗക്കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ ഇളവു നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിജയ് ബാബുവിന് മറുപടി മെയിലും അയച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു നല്കിയ ജാമ്യഹര്‍ജി ഹൈക്കോടതി വേനലവധിക്കു ശേഷം പരിഗണിക്കുന്നതിനായി മാറ്റിയിരുന്നു. 18നാണ് ഹര്‍ജി കോടതി പരിഗണിക്കുന്നത്. ഇതു കൂടി കണക്കിലെടുത്താവും 19ന് ഹാജരാവാമെന്ന് നടന് ഇമെയില്‍ അയച്ചതെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
നടി ബലാല്‍സംഗ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ദുബായിലേക്ക് മുങ്ങിയ നടനെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. വേണമെങ്കില്‍ വിദേശത്തുപോയി വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. നടനെതിരായി ഉയര്‍ന്നു വന്ന രണ്ടാമത്തെ മീ ടൂ ആരോപണത്തില്‍ പോലീസിന് പരാതി ലഭിച്ചിട്ടില്ലെങ്കിലും വെളിപ്പെടുത്തലിന്റെ ഉറവിടത്തേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളേത്തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ആഭ്യന്തര തര്‍ക്കപരിഹാര സമിതിയില്‍ നിന്ന് നടി മാല പാര്‍വ്വതി രാജിവെച്ചിരുന്നു. വിജയ് ബാബുവിനെ പുറത്താക്കാന്‍ കഴിഞ്ഞ മാസം 30നു ചേര്‍ന്ന ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന അമ്മ യോഗം ഇതു തള്ളി. തന്നെ നിര്‍വ്വാഹ സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നടന്റെ അഭ്യര്‍ത്ഥന മാനിച്ച് വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതായി സംഘടന അറിയിച്ചിരുന്നു.
വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന് ചെയര്‍പേഴ്സണായ ആഭ്യന്തര തര്‍ക്ക പരിഹാര സമിതി ശുപാര്‍ശ ചെയ്തിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരംതാഴ്ത്തുകയോ വേണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ.
Content Highlight: Vijay Babu seeks relaxation. ‘Will be present on 19th.’ Police disagrees