മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും.
1971 മുതൽ 96 വരെ വടകരയിൽ നിന്നും ലോക്സഭാംഗമായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ, കോഴിക്കോട് കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഇ. കുഞ്ഞിക്കണ്ണൻ നായരുടെയും കെ.പി. അമ്മുക്കുട്ടിയുടെയും മൂത്ത മകനാണ്.
1989ൽ വി.പി. സിംഗ് മന്തിസഭയിൽ വാർത്താ വിനിമയം, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി. കുവൈത്ത് – ഇറാഖ് യുദ്ധത്തിൽ, കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1994ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. എന്നാൽ തിരിച്ചുവന്ന ഉണ്ണികൃഷ്ണന് അർഹമായ പരിഗണന പിന്നീട് കിട്ടിയില്ലെന്ന പരാതി അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ടായിരുന്നു.












