ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു; പൈലറ്റുമാർ സുരക്ഷിതരെന്ന് ഡൊണാൾഡ് ട്രംപ്
പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു. തിങ്കളാഴ്ചയാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ നടത്തിയ ആക്രമണത്തിലാണോ അപ്പാച്ചെ തകർന്നത് അതോ സാങ്കേതിക തകരാറോ മറ്റ് കാരണങ്ങളോ ആണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. അപ്പാച്ചെ തകർന്ന വിവരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. പൈലറ്റുമാർ സുരക്ഷിതരാണെന്ന് വ്യക്തമാക്കിയ ട്രംപ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്നും അറിയിച്ചു. ആഗോള ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ പ്രതിരോധിക്കാൻ അമേരിക്ക അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് പുറമെ, എംക്യു-9 റീപ്പർ ഡ്രോണുകളും, എഫ്/എ-18, എഫ്-35 യുദ്ധവിമാനങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.













