ഹോര്‍മുസ് കടലിടുക്ക് തുറക്കും; കപ്പലുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന് ഇറാന്
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് സൂചന നല്കി ഇറാന്. എന്നാല്‍ ഇതുവരെ നിലനിന്നിരുന്ന രീതിക്കു പകരം, പുതിയ നിബന്ധനകളോടെയായിരിക്കും കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുക.
ഇറാനും ഒമാനും ചേര്‍ന്ന് നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കുമെന്നും മോസ്കോയിലെ ഇറാന് അംബാസഡര്‍ കസേം ജലാലി വ്യക്തമാക്കി. റഷ്യന്‍ ദിനപത്രമായ ഇസ്വെസ്റ്റിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജലാലിയുടെ പ്രതികരണം.
‘ഹോര്‍മുസ് കടലിടുക്ക് തീര്‍ച്ചയായും തുറക്കും. എന്നാല്‍ ഇറാനും ഒമാനും നിശ്ചയിക്കുന്ന പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരും. ഈ കടലിടുക്കുമായി ബന്ധപ്പെട്ട് ചില സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. അതിനാല്‍ ആ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുകയും ചെയ്യും‘: കസേം ജലാലി പറഞ്ഞു. എന്നാല്‍ ഫീസ് എത്രയാകും, ഏത് രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ബാധകമാകും തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം നല്‍കിയിട്ടില്ല.








