‘ സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ വന്ദേമാതരം മുഴുവനായും ആലപിക്കില്ല’: കേന്ദ്ര സർക്കാർ നിർദ്ദേശം തള്ളി കെ മുരളീധരൻ
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശം തള്ളി മന്ത്രി കെ. മുരളീധരൻ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വന്ദേമാതരം പൂർണരൂപത്തിൽ പാടണമെന്ന് ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹ സർക്കുലർ പുറപ്പെടുവിച്ചിരുന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് നിലവിലുള്ള പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു സർക്കുലർ നൽകിയത്. എന്നാൽ കേരളം അത് അംഗീകരിക്കുന്നില്ല. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലോ സത്യപ്രതിജ്ഞാ ചടങ്ങുകളിലോ കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കാറുണ്ടെങ്കിലും മറ്റ് സംസ്ഥാന സർക്കാർ പരിപാടികളിൽ കേരളത്തിന്റെ പ്രോട്ടോക്കോൾ തന്നെയായിരിക്കും പിന്തുടരുക.
വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമായിരിക്കും സർക്കാർ പരിപാടികളിൽ പാടുക. സത്യപ്രതിജ്ഞയ്ക്കുള്ള വന്ദേമാതരം രണ്ട് വരി മാത്രമായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയായതിനാലാണ് അത് നടന്നത്. ഗവർണർ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും അതുതന്നെയാണ് നടക്കുന്നത്.













