എം എ കൃഷ്ണൻ അന്തരിച്ചു; ബാലഗോകുലം സ്ഥാപകനും മുതിർന്ന ആർഎസ്എസ് പ്രചാരകനും
ആദ്യകാല ആർ എസ് എസ് പ്രചാരകനും കുട്ടികളുടെ പ്രസ്ഥാനമായ ബാലഗോകുലത്തിൻ്റെ സ്ഥാപകനുമായ ‘എം എ സാർ’ എന്ന എം എ കൃഷ്ണൻ (98) അന്തരിച്ചു. ചിന്തകൻ, എഴുത്തുകാരൻ, സംസ്കൃത പണ്ഡിതൻ, പ്രചാരകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പൊതുദർശനം ചൊവ്വ വൈകിട്ട് 3 മണി മുതൽ ബുധൻ രാവിലെ 10 മണി വരെ എളമക്കര പ്രാന്ത കാര്യാലയത്തിൽ. സംസ്കാര ചടങ്ങുകൾ കൊല്ലം ഐവർകാലയിലുള്ള തറവാട്ടു വീട്ടിൽ.
1929 ജനുവരി 17ന് കൊല്ലം ജില്ലയിലെ ഐവര്‍കാലയിലാണ് ജനനം. കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്തു പത്മനാഭന്റെയും മകന്. കുഴിക്കലിടവക ജിവിഎസ്എച്ച്എസ്സില് നിന്ന് ശാസ്ത്രിപരീക്ഷയും തിരുവനന്തപുരം മഹാരാജാസ് സംസ്കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായയും പാസായി.
ഒരു വര്‍ഷം, കോട്ടയം വാഴൂര്‍ ഹൈസ്കൂളില്‍ അധ്യാപകനായി. രാജിവച്ച് 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രചാരകനായിരുന്നു.













