കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; 80കാരിക്ക് ദാരുണാന്ത്യം
പത്തനാപുരം ഉമ്മന്നൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളി കൊല്ലപ്പെട്ടു. കടശ്ശേരി സ്വദേശി രാജമ്മയാണ് (80) മരിച്ചത്. തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കായി ഒപ്പമുള്ള തൊഴിലാളികളോടൊപ്പം ഇറങ്ങിയപ്പോഴായിരുന്നു അപകടം.
രാവിലെ ജോലിസ്ഥലത്ത് എത്തിയ ശേഷം ഹാജരിനായി ഫോട്ടോ എടുത്ത് മുന്നോട്ട് നടക്കുമ്പോഴാണ് സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് ഭയന്നോടിയ മറ്റ് തൊഴിലാളികൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജമ്മ കാൽ തെന്നി താഴെ വീഴുകയായിരുന്നു.
തുടർന്ന് ആന രാജമ്മയെ തുമ്പിക്കൈയിലെടുത്ത് എറിയുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക പറഞ്ഞു. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനത്തോട് ചേർന്ന പ്രദേശമായ ഇവിടെ കാട്ടാന ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.













