ബ്രിട്ടീഷ് നോവലിസ്റ്റ് ജെഫ്രി ആർച്ചർ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ രാഷ്ട്രീയ നേതാവുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ അവസാന നോവലായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് വിയോഗമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. കെയ്ൻ ആൻഡ് ആബെൽ എന്ന തൻ്റെ ഏറ്റവും പ്രശസ്തമായ നോവലിന് സമാനമായി, ഒരേ ദിവസം വ്യത്യസ്ത സാമൂഹിക ചുറ്റുപാടുകളിൽ ജനിച്ച ബൈബിൾ കഥാപാത്രങ്ങളുടെ പേരുകളുള്ള രണ്ടുപേരുടെ കഥയാണ് പുതിയ പുസ്തകവും പറയുന്നത്.
ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള എഴുത്തുകാരൻ എന്നതിനൊപ്പം വിവാദങ്ങൾ നിറഞ്ഞ രാഷ്ട്രീയ ജീവിതവും ജെഫ്രി ആർച്ചറുടേതായിരുന്നു. സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ എഴുത്തിനെ കൂട്ടുപിടിച്ച അദ്ദേഹം പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളായി മാറി. തെറ്റായ നിക്ഷേപങ്ങളിലൂടെ പാപ്പരാകേണ്ടി വന്ന സ്വന്തം അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1976ൽ പുറത്തിറക്കിയ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ് എന്ന ആദ്യ നോവൽ തന്നെ വലിയ വിജയമായി.
അദ്ദേഹത്തിന്റെ 30 കോടിയിലധികം പുസ്തകങ്ങളാണ് ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടത്. ബ്രിട്ടനിലെ സൺഡേ ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ 14 വർഷവും അഞ്ച് മാസവും അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ ഇടംപിടിച്ചു. ന്യൂയോർക്ക് ടൈംസ് പട്ടികയിൽ അഞ്ച് വർഷത്തിലധികവും ആർച്ചറുടെ കൃതികൾ തിളങ്ങിനിന്നു.
മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കാലത്ത് ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. എന്നാൽ 2001ൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച കേസിൽ ജയിലിലായതോടെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 1999ൽ ലണ്ടൻ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്താണ് പഴയൊരു കേസിൽ അദ്ദേഹം കോടതിയിൽ കള്ളം പറഞ്ഞെന്ന ആരോപണം ഉയർന്നത്. ലൈംഗികത്തൊഴിലാളിക്ക് പണം നൽകിയെന്ന വാർത്ത നൽകിയ പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നൽകി അദ്ദേഹം അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം നേടിയിരുന്നു. എന്നാൽ 1987ൽ ഡെയ്ലി സ്റ്റാർ പത്രത്തിനെതിരെ നടന്ന ഈ കേസിൽ ആർച്ചർ വ്യാജ തെളിവുകൾ ഉണ്ടാക്കിയതായി ജൂറി കണ്ടെത്തിയതോടെയാണ് നാല് വർഷത്തെ തടവുശിക്ഷ ലഭിച്ചത്.










