നോയിഡ വിമാനത്താവളത്തിന്റെ പേര് ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനർനാമകരണം ചെയ്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ അംഗീകരിച്ചു.
ദേശീയ തലസ്ഥാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് ഈ വിമാനത്താവളം. പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ച് 28ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ നിന്നും ജൂൺ 15 മുതലാണ് വാണിജ്യ സർവീസുകൾ ആരംഭിച്ചത്. ലഖ്നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാൻഡ് ചെയ്തത്. പശ്ചിമ ഉത്തർപ്രദേശിലെയും എൻസിആറിലെയും വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ വിമാനത്താവളം വലിയ നാഴികക്കല്ലാണ്.
സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ ഉപസ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും, കേന്ദ്ര-സംസ്ഥാന സർക്കാരുകളും സംയുക്തമായാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത് വികസിപ്പിച്ചത്.













