അമേരിക്കന് സൈനിക നീക്കം ചോര്ത്തിയവരെ വെടിവെച്ചുകൊല്ലണം; വിവാദ പ്രസ്താവനയുമായി ട്രംപ്
അമേരിക്കയുടെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള് മാധ്യമങ്ങള്ക്ക് ചോര്ത്തി നൽകിയവരെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
സൈനിക നടപടികളുടെ സമയക്രമം ഉള്പ്പെടെയുള്ള നിര്ണായക വിവരങ്ങള് പുറത്തുവിടുന്നവര്ക്ക് കടുത്ത ശിക്ഷ നല്കണമെന്നാണ് ട്രംപിന്റെ നിലപാട്. 2026 ഒക്ടോബര് 14ന് അരിസോണയിലെ ബുള്ഹെഡ് സിറ്റിയില് നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.
ഇറാന്റെ ആണവകേന്ദ്രങ്ങള് ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള് മാധ്യമങ്ങള്ക്ക് ചോര്ന്നുവെന്ന ആരോപണമാണ് ട്രംപിന്റെ രോഷത്തിന് പിന്നില്. ആക്രമണത്തില് പങ്കെടുത്ത വിമാനങ്ങള് എപ്പോള് പുറപ്പെടുമെന്നും ലക്ഷ്യസ്ഥാനത്ത് എപ്പോള് എത്തുമെന്നും സംബന്ധിച്ച വിവരങ്ങള് മാധ്യമങ്ങളില് വന്നത് സൈനിക നീക്കത്തെ ബാധിച്ചെന്നാണ് ട്രംപ് പറയുന്നത്.
‘എന്റെ അഭിപ്രായത്തില്, വിവരങ്ങള് ചോര്ത്തുന്നവരെ വെടിവെച്ചുകൊല്ലണം. പഴയകാലത്ത് ഇത്തരം വിവരങ്ങള് ചോര്ത്തുന്നവരെ വെടിവെച്ചുകൊല്ലാറുണ്ടായിരുന്നു,’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്. വിവരങ്ങള് ചോര്ത്തുന്നവരെ ജയിലിലടയ്ക്കണമെന്നും ജീവിതകാലം മുഴുവന് തടവില് കഴിയേണ്ടിവരണമെന്നും അദ്ദേഹം പറഞ്ഞു. ഇവര്ക്കെതിരെ വളരെ കര്ശനമായ നടപടികള് സ്വീകരിക്കണമെന്നും അവര് ഭൂമിയിലെ ഏറ്റവും മോശം ആളുകളാണെന്നും ട്രംപ് രൂക്ഷമായി വിമര്ശിച്ചു.













