ഓപ്പറേഷൻ തൂഫാൻ വ്യാജമെന്ന പരാമര്ശം; ആര്. ശ്രീലേഖയെ വിമര്ശിച്ച് രമേശ് ചെന്നിത്തല
ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ വ്യാജമാണെന്ന മുൻ ഡി.ജി.പി.യും തിരുവനന്തപുരം കോർപറേഷൻ കൗണ്സിലറുമായ ആർ. ശ്രീലേഖയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നേരത്തേ ഡി.ജി.പി. പദവിയിലിരുന്ന ഒരാള് ഇത്തരത്തില് സംസാരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നും, പരാമർശം പിൻവലിച്ച് ശ്രീലേഖ മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലേഖ മുൻ ഡി.ജി.പി.യായിരുന്ന വ്യക്തിയാണെന്നും കേരള പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉന്നയിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ജൂണ് രണ്ടിന് ആരംഭിച്ച ഓപ്പറേഷൻ തൂഫാനെ കേരളത്തിലെ ജനങ്ങള് രാഷ്ട്രീയഭേദമന്യേ പിന്തുണയ്ക്കുകയാണ്. ലഹരിക്കെതിരായ പോരാട്ടത്തില് ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും നിർണായകമാണെന്നും പൊലീസ് പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്ന പരാമർശങ്ങള് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാഹുല് ഗാന്ധിക്കെതിരെ ശ്രീലേഖ നടത്തിയ പരാമർശവും പിൻവലിച്ച് മാപ്പുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. “ഒരു ദിവസം രാജിവയ്ക്കും, പിന്നെ പിൻവലിക്കും. അവർക്ക് എന്തോ ഗുരുതര പ്രശ്നമുണ്ട്,” എന്നും അദ്ദേഹം പ്രതികരിച്ചു.ഡല്ഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല് ഗാന്ധിക്കെതിരെ ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളില് ചെന്നപ്പോള് ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുല് ഗാന്ധി ഡല്ഹിയില് കാണിക്കുന്നതെന്നായിരുന്നു പരാമർശം. കൊല്ലം പുനലൂരില് സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഇത്.













