തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ്റെയും ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെയും നേതൃത്വത്തിൽ ഇന്ന് പമ്പയിൽ ഉന്നതതല അവലോകന യോഗം ചേരും. നാളെ രാവിലെയാണ് പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. രാവിലെ 10.30ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ വച്ചാണ് വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടക്കുക. ഇതിന് മുന്നോടിയായി രാവിലെ ഒൻപതിന് നിലയ്ക്കലിൽ എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ തീർഥാടന മുന്നൊരുക്കങ്ങൾ നേരിട്ട് പരിശോധിക്കും. പമ്പയിലെ യോഗത്തിന് ശേഷം വൈകിട്ട് നാലിന് ഇരുവരും സന്നിധാനത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തും. തുടർന്ന് അഞ്ചുമണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദർശനം നടത്തും. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.













