മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില് മഞ്ഞ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെത്തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. അതേപോലെ കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണിത്.
കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറായിരിക്കണം.











