സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷത്തിന്റെ വരവോടെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമെ ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. ഞായറാഴ്ച ഒക്ടോബർ 18 വരെ സംസ്ഥാനത്തുടനീളം വ്യാപകമായ മഴ തുടരുമെന്നാണ് പ്രവചനം.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഒക്ടോബർ 15) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 10 ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ (ഒക്ടോബർ 16) സംസ്ഥാനത്തെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.













