ശബരിമല തീർഥാടനം: സത്രത്തിൽ വിരിവെക്കാൻ സൗകര്യമില്ല; പകരം, വണ്ടിപ്പെരിയാർ വാളാർഡിയിൽ ക്രമീകരണങ്ങൾ ഒരുക്കും
ശബരിമലയിലേക്കുള്ള പരമ്പരാഗത സത്രം–പുല്ലുമേട് കാനനപാതയിലൂടെ എത്തുന്ന തീർഥാടകർക്ക് ഇത്തവണ വണ്ടിപ്പെരിയാർ സത്രത്തിൽ വിരിവെക്കാനുള്ള സൗകര്യമുണ്ടാകില്ല. പകരം, വണ്ടിപ്പെരിയാർ വാളാർഡിയിൽ പാർക്കിങ്ങിനും വിശ്രമത്തിനുമായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും. കേരള–തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഇടുക്കിയിലെ സത്രം–പുല്ലുമേട് പാതയിലൂടെ ആയിരക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ശബരിമലയിലേക്ക് എത്തുന്നതും മടങ്ങുന്നതും. തിരക്ക് വർധിക്കുന്ന സമയങ്ങളിൽ സത്രത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിരിവെക്കുന്നതിനും പ്രയാസം നേരിടുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീകരണം. കഴിഞ്ഞ വർഷം മുതൽ വാളാർഡി എസ്റ്റേറ്റിൽ പാർക്കിങ് ഗ്രൗണ്ട് ഒരുക്കിയിരുന്നു.
വാളാർഡിയിൽ ദേവസ്വം ബോർഡിന്റെ ഓൺലൈൻ ബുക്കിങ് സൗകര്യവും ലഭ്യമാക്കും. പളനി, ദിണ്ഡുക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. തീർഥാടന പാതകളിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ നവംബർ പത്തിനകം പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ശൗചാലയങ്ങളും ഒരുക്കും.
ഉപ്പുപാറ മുതൽ കോഴിക്കാനം വരെ 15 കേന്ദ്രങ്ങളിൽ വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തും. ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പും പരിശോധന ശക്തമാക്കും. തീർഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ തമിഴ്നാട്ടിൽ വ്യാപകമായി പ്രചരിപ്പിക്കുമെന്ന് തേനി ജില്ലാ കലക്ടർ അറിയിച്ചു. തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരംഭിക്കും.












