കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം
കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ വന്‍ തീപ്പിടിത്തം. ബ്ലീച്ചിങ് പൗഡര്‍, ടോയ്ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രമാണിത്. ഇന്നലെ രാത്രി 10.30 ഓടെയാണ് തീ പടർന്നത്. സംഭവത്തിൽ ആളപായമില്ല.
തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. എട്ടോളം ജീവനക്കാര്‍ അപ്പോൾ കമ്പനിയിലുണ്ടായിരുന്നു. ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു. രാത്രി 12.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചെങ്കല്‍ച്ചൂളയില്‍നിന്ന് അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റും ചാക്കയില്‍നിന്ന് നാല് യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.